സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ഥികള്‍ക്കായി പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പഠനയാത്രകള്‍ സുഗമവും സുരക്ഷിതവുമായി സംഘടിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളും അവയുടെ അടിസ്ഥാനത്തില്‍ പഠനയാത്രകള്‍ എങ്ങനെ സംഘടിപ്പിക്കാമെന്നതാണ് ഈ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
- സ്കൂള്‍ പ്രവര്‍ത്തിദിനമല്ലാത്ത ദിവസം ഉള്‍പ്പെടെ പരമാവധി 3 ദിവസം ഉള്‍പ്പെട്ട പഠനയാത്ര മാത്രമേ അനുവദിക്കാവൂ.
- രാത്രി 10 മണിക്ക് ശേഷവും രാവിലെ 5 മണിക്കുമിടക്കുള്ള യാത്ര ഒഴിവാക്കണം
- ടൂര്‍ കമ്മിറ്റി രൂപീകരിക്കണം . പ്രധാനാധ്യാപകന്റെ നിയന്ത്രണത്തില്‍ അധ്യാപക കണ്‍വീനറും, സ്കൂള്‍ പാര്‍ലമെന്റംഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധിയും, രണ്ട് അധ്യാപകരും ഒരു പി ടി എ അംഗവും ഉള്‍പ്പെട്ടതാണ് ടൂര്‍ കമ്മിറ്റി
- ടൂര്‍ കമ്മിറ്റി തീരുമാനിക്കുന്ന സ്ഥലം, യാത്രാപരിപാടി, ചെലവ്, താമസം എന്നിവ പി ടി എ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‍ത് പി ടി എ കമ്മിറ്റിയുടെ അനുവാദം വാങ്ങണം
- പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിക്കുകയും അവരില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കുകയും വേണം
- യാത്രയില്‍ പാലിക്കേണ്ട പൊതുനിയമങ്ങള്‍ പി ടി എ കമ്മിറ്റിയുടെ അംഗീകാരത്തോടെ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം
- പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ അധ്യാപകര്‍ പഠനയാത്രാസംഘത്തില്‍ ഉണ്ടാവണം. 15 വിദ്യാര്‍ഥിനികള്‍ക്ക് 1 അധ്യാപിക എന്ന കണക്കില്‍ അധ്യാപികമാരും ഉണ്ടാവണം. പ്രധാനാധ്യാപകനോ സീനിയര്‍ അധ്യാപകനോ യാത്രയെ അനുഗമിക്കണം. രക്ഷിതാക്കളുടെ പ്രതിനിധിയെ യാത്രയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം
- പഠനയാത്രക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വാഹനങ്ങളില്‍ മാത്രമേ യാത്ര പാടുള്ളൂ
- വാഹനത്തിന് RTO നല്‍കുന്ന 30 ദിവസ കാലാവധി ഫിറ്റ്നെസ് ഉള്ള വാഹനം മാത്രമേ അനുവദിക്കാവൂ
- ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സും മറ്റ് വിശദാംശങ്ങളും, വാഹനത്തിന്റെ ആര്‍ സി ബുക്ക് ഇവയുടെ പകര്‍പ്പ് ശേഖരിക്കണം
- യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ / റീജിയണല്‍ ഉപ ഡയറക്ടര്‍ , ബന്ധപ്പെട്ട പ്രദേശത്തെ ആര്‍ ടി ഒ, വിദ്യാലയം ഉള്‍പ്പെടുത്തുന്ന പ്രദേശത്തെ പോലീസ് SHO എന്നിവരെ യാത്രാ വിശദാംശങ്ങള്‍ അറിയിച്ച് കത്ത് നല്‍കണം
- കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ചിത്രങ്ങളോ വീഡിയോകളോ ചിത്രീകരിക്കുകയോ പങ്ക് വെക്കുകയോ അരുത്
- കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ യാത്രയില്‍ പങ്കെടുക്കുന്ന ആരും പുകവലിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള ലഹിവസ്തുക്കള്‍ ഉപയോഗിക്കുന്നതും കൃത്യവിലോപമായി കണക്കാക്കി ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്കലംഘനമായി കണക്കാക്കി ശക്തമായ നടപടികള്‍ സ്വീകരിക്കണം
- യാത്രക്ക് ശേഷം യാത്രയെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി വരവ് - ചെലവ് കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രധാനാധ്യാപകന്‍ / പ്രിന്‍സിപ്പലിന് നല്‍കണം
പഠനയാത്രക്ക് സഹായകരമായ മാതൃകാഫോമുകളും കത്തുകളും
- രക്ഷിതാവിന്റെ സമ്മതപത്രം :- Word Format : pdf Format
- വിദ്യാഭ്യാസ ഓഫീസര്‍ക്ക് /RDDക്ക് നല്‍കേണ്ട കത്തിന്റെ മാതൃക :- Word Format : pdf Format
- RTO ക്ക് നല്‍കേണ്ട കത്തിന്റെ മാതൃക :- Word Format : pdf Format
- ഒരുങ്ങാം വിനോദയാത്രക്ക് - ശ്രീ മുരളി തുമ്മാരുകുടിയുടെ കൈപ്പുസ്തകം ഇവിടെ
- പഠനയാത്രയില്‍ പങ്കെടുത്ത പട്ടികജാതി വിദ്യാര്‍ഥികളുടെ യാത്രാബത്ത ക്ലയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നിര്‍ദ്ദേശങ്ങളും അപേക്ഷാഫോമും ഇവിടെ