ഒരു വിദ്യാര്‍ഥി വിദ്യാലയത്തില്‍ പ്രവേശനം നേടുന്ന സമയത്ത് രക്ഷകര്‍ത്താവ് സമര്‍പ്പിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെയും അപേക്ഷാഫോമിന്റെയും അടിസ്ഥാനത്തിലാണ് സ്‍കൂള്‍ അഡ്‍മിഷന്‍ രജിസ്റ്റര്‍ എഴുതുക. ഈ വിദ്യാര്‍ഥി മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റം വാങ്ങി പോകുന്ന അവസരത്തില്‍ മുമ്പ് പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും നല്‍കിയ ടി സിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വിദ്യാലയത്തിലെ അഡ്‍മിഷന്‍ രജിസ്റ്റര്‍ എഴുതേണ്ടതും. നിലവില്‍ വിദ്യാലയത്തില്‍ പഠിച്ച് കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ അഡ്‍മിഷന്‍ രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് നടപടിക്രമങ്ങള്‍ പാലിച്ച് തിരുത്തുന്നതിനുള്ള അധികാരം വിദ്യാലയത്തിലെ പ്രധാനാധ്യാപകന് നല്‍കിക്കൊണ്ട് 22.09.2012 ന് Ex BB/3/8912/CGE നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് . ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേര്, ജനനതീയതി, മാതാപിതാക്കളുടെ പേര്, ജനനസ്ഥലം തുടങ്ങിയവയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അധികാരം പ്രധാനാധ്യാപകര്‍ക്കുണ്ട്. ഈ നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ തിരുത്തലുകള്‍ വരുത്തുന്നത് ക്രമവിരുദ്ധമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ.
തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം ആര്‍ക്ക്
- ഒന്ന് മുതല്‍ പത്ത് വരെ ക്ലാസില്‍ നിലവില്‍ വിദ്യാലയത്തില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ രജിസ്റ്ററുകളില്‍ തിരുത്തലുകള്‍ വരുത്തേണ്ടത് ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍
- പത്താം തരം പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തി പ്പോയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം ബന്ധപ്പെട്ട AEO/DEO മാര്‍ക്കാണ്
- സ്റ്റേറ്റ് സിലബസില്‍ പഠിച്ച് മറ്റ് സിലബസിലേക്ക് മാറിയ വിദ്യാര്‍ഥികളുടെ തിരുത്തലിനുള്ള അപേക്ഷ AEO/DEO മാര്‍ സ്വീകരിച്ച് തിരുത്തല്‍ വരുത്തുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അഡ്‍മിഷന്‍ രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്'
- SSLC സര്‍ച്ചിഫിക്കറ്റ് നല്‍കിയ ശേഷം വിദ്യാര്‍ഥിയുടെ അടിസ്ഥാന വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് പരീക്ഷാ ഭവന് ആണ് അധികാരം.
- ജനനതീയതിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് Rs 500/-(“0202-01-102-92.” എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ചെല്ലാന്‍ എടുത്തത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം)
- മറ്റ് തിരുത്തലുകള്‍ക്ക് Rs 30/- ക്ലറിക്കല്‍ എറര്‍ ആണെങ്കില്‍ ഫീസ് ആവശ്യമില്ല
തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നടപടിക്രമം
- വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവില്‍ നിന്നും നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാഫോം സ്വീകരിക്കുക (മാതൃക ചുവടെ)
- ജനനതീയതിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് SC/ST വിഭാഗം ഒഴികെയുള്ളവരില്‍ നിന്നും 500 രൂപക്ക് 0202-01-102-92.” എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ചെല്ലാന്‍ എടുത്ത് അതിന്റെ ഒറിജിനല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. SC/ST വിഭാഗത്തില്‍പ്പെട്ടവര്‍ റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
- തിരുത്തലുകള്‍ വരുത്തുന്നതിന് ആവശ്യമായ രേഖകള്‍ ഉണ്ടാവണം
- അപേക്ഷകള്‍ രേഖകളുമായി ഒത്ത് നോക്കി തിരുത്തലുകള്‍ വരുത്താവുന്നത് എങ്കില്‍ അത് സൂചിപ്പിച്ച് Proceedings തയ്യാറാക്കണം
- Proceedings പകര്‍പ്പ് അഡ്‍മിഷന്‍ രജിസ്റ്ററില്‍ വിദ്യാര്‍ഥിയുടെ പേര് ഉള്‍പ്പെട്ട പേജില്‍ പതിച്ച ശേഷം തിരുത്തലുകള്‍ വരുത്താം (മാതൃക ചുവടെ)
- വിദ്യാര്‍ഥി മുമ്പ് പഠിച്ച വിദ്യാലയങ്ങള്‍ക്കും ഈ Proceedings ന്റെ പകര്‍പ്പ് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കും തിരുത്തലുകള്‍ വരുത്താന്‍ സാധിക്കും.
തിരുത്തല്‍ വരുത്തേണ്ടത് | ആവശ്യമായ രേഖകള്‍ |
---|---|
വിദ്യാര്‍ഥിയുടെ പേര് | ജനന സര്‍ട്ടിഫിക്കറ്റ് , ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോള്‍ സമര്‍പ്പിച്ച അപേക്ഷ |
മാതാവിന്റെ / പിതാവിന്റെ പേര് | ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, One and the Same Certificate |
ജനനസ്ഥലം തിരുത്തുന്നതിന് | ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് |
ജാതി , വിഭാഗം തിരുത്തലുകള്‍ക്ക് ( ക്ലറിക്കല്‍ എറര്‍ മാത്രം) | റവന്യു അധികാരികളില്‍ നിന്നുള്ള ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം |
മേല്‍ വിലാസം തിരുത്തുന്നതിന് | ജനന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ |