പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്ന് ,മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
16 വർഷത്തിനു ശേഷമാണ് കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.
നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്സോ (POCSO) നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതൽ കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടപ്പിലാക്കിയത്. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്. കുട്ടികളിൽ ചെറുപ്പം മുതലേ തൊഴിൽ മനോഭാവം വളർത്താൻ ഇത് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് മികച്ച പരിശീലനം നൽകും. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങൾ വികസിപ്പിക്കുന്നത്. രണ്ട് തീരുമാനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിനായി വ്യത്യസ്തമാർന്ന ഇടപെടലുകളാണ് നടത്തിയത്. സ്‌കൂൾ, ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ, പഞ്ചായത്ത്/മുൻസിപ്പൽ, കോർപ്പറേഷൻ തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ജനകീയ അഭിപ്രായ ശേഖരണത്തിനു വേണ്ടി വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തു. കൂടാതെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളുടെ അഭിപ്രായങ്ങളും ശേഖരിച്ചു. 25 ലക്ഷത്തിലധികം കുട്ടികൾ ഈ പ്രക്രിയയുടെ ഭാഗമായതായും മന്ത്രി പറഞ്ഞു.
ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
വളരെ സമയമെടുത്ത് തികച്ചും ജനകീയവും സുതാര്യവും ആയി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസനയം 2020 ലെ മാർഗ നിർദേശങ്ങൾക്ക് പകരം ജനകീയമായ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിൽക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു