പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി
ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915
അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.
അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും
ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും
അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ
ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി
സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന
ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ
തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ്
നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ
അസ്സൽ സഹിതം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ
അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.