കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി ഇന്നും
നാളെയും (നവംബർ 21, 22) പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ശനിയാഴ്ച്ച
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു,
ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ട് ദിവസവും രാവിലെ 10.30-ന്
'ഹലോ ഇംഗ്ലീഷും' 11 മണിക്ക് ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്‌സ് എക്‌സ്‌പേർട്ട്
ക്ലാസ് വിഭാഗത്തിൽ 'സൈബർ സ്‌പേസിലെ വ്യാജവാർത്തകൾ' എന്ന വിഷയത്തെക്കുറിച്ച്
മിർ മുഹമ്മദ് ഐ.എ.എസിന്റെ ക്ലാസും, ഞായറാഴ്ച്ച സ്‌ക്രാച്ച് പ്രോഗ്രാമിംഗ്
ക്ലാസും ഉണ്ടായിരിക്കും.
ഞായറാഴ്ച്ച പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ്, ജിയോഗ്രഫി, ജേർണലിസം, സോഷ്യൽ വർക്ക്, സൈക്കോളജി, ജിയോളജി,
ഫിലോസഫി തുടങ്ങിയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്രീ-പ്രൈമറി
കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ രണ്ടു ദിവസവും രാവിലെ പത്ത് മണിക്ക്
സംപ്രേഷണം ചെയ്യും.
സമയക്കുറവുള്ളതിനാൽ പുനഃസംപ്രേഷണത്തിന് പകരം പുതിയ ക്ലാസുകൾ ഈ ദിവസങ്ങളിൽ
സംപ്രേഷണം നടക്കുന്നതിനാൽ ടൈംടേബിൾ കൃത്യമായി നോക്കി ക്ലാസുകൾ കാണാൻ
കുട്ടികൾ ശ്രദ്ധിക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഈ
ദിവസങ്ങളിൽ ഒരു കുട്ടി ഒരു ക്ലാസ് മാത്രം കണ്ടാൽ മതിയാകുന്ന തരത്തിലാണ്
ക്രമീകരണം.