2025-26 അധ്യയനവര്‍ഷത്തെ സ്കൂള് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 14ന് ആണ് തിരഞ്ഞെടുപ്പ്. അന്നേ ദിവസം രാവിലെ 11 മണിക്കകം ക്ലാസ് തല തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുക്കുന്ന ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്ന് സ്കൂള്‍ പാര്‍ലമെന്റ് ഭാരവാികളുടെ തിരഞ്ഞെടുപ്പും നടത്തും. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുള്ള വിവിധ ഫോമുകളുടെ മാതൃകകളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറുകളും അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വിശദമായ സമയക്രമം ചുവടെ.
നോമിനേഷന്‍ സമര്‍പ്പണം ആരംഭിക്കുന്ന തീയതി | 04.08.2025 |
നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി | 08.08.2025 12 മണി |
നോമിനേഷനുകളുടെ സൂക്ഷ്‍മ പരിശോധന | 08.08.2025 5 മണി |
നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി | 11.08.2025 1മണി |
അന്തിമസ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി | 11.08.2025 3.30 മണി |
ക്ലാസ് തല തിരഞ്ഞെടുപ്പ് | 14.08.2025 11മണി |
വോട്ടെണ്ണല്‍ | 14.08.2025 |
സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് | 14.08.2025 ഉച്ചക്ക് ശേഷം |
സ്കൂള്‍ പാര്‍ലമെന്റിന്റെ ഘടനയും സംഘാടനവും
- സംസ്ഥാനത്തെ എല്ലാ ഗവ /എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഓരോ ക്ലാസില്‍ നിന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്നതാണ് സ്കൂള്‍ പാര്‍ലമെന്റ്
- സ്കൂള്‍ പ്രിന്‍സിപ്പല്‍ , വൈസ് പ്രിന്‍സിപ്പല്‍ /ഹെഡ്‍മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളും സ്റ്റാഫ് അഡ്വൈസര്‍ സഹരക്ഷാധികാരിയുമായിരിക്കും
- സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രഹസ്യബാലറ്റിലൂടെ ആവണം നടത്തേണ്ടത്
- ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പില്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ടവകാശമുണ്ടായിരിക്കും
- വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്‍തിരിക്കണം.(യു പി , ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിവയിലേതെങ്കിലും മിക്സഡ് അല്ലെങ്കില്‍ അതൊഴിവാക്കി വേണം പെണ്‍കുട്ടികളുടെ പ്രാതിനിധ്യത്തിന്റെ എണ്ണം കണക്കാക്കാന്‍)
- ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അര്‍ഹത ഉണ്ടാവൂ
- ക്ലാസ് ലീഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പാര്‍ലമെന്റംഗങ്ങള്‍ യോഗം ചേര്‍ന്ന് അവരില്‍ നിന്നും ചെയര്‍ പേഴ്സണ്. വൈസ് ചെയര്‍പേഴ്‍സണ്‍, സെക്രട്ടറി , ജോയിന്റ് സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി, കായികവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കണം
- ചെയര്‍പേഴ്‍സണ്‍ ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ വിഭാഗത്തില്‍ നിന്നും വൈസ്‍ ചെയര്‍പേഴ്‍സണ്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ആയിരിക്കണം. സെക്രട്ടറി ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ജോയിന്റ് സെക്രട്ടറി ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ വിഭാഗത്തില്‍ നിന്നും ആവണം. കലാവേദി , സാഹിത്യവേദി, കായികവേദി ഭാരവാഹികളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണം
- മിക്സഡ് വിദ്യാലയങ്ങളില്‍ ചെയര്‍ പേഴ്സണ്, വൈസ് ചെയര്‍ പേഴ്‍സണ്‍ എന്നിവരില്‍ ഒരാളും സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവരില്‍ ഒരാളം വിവിധ വേദികളില്‍ സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവരില്‍ ഓരോരുത്തരുമെങ്കിലും പെണ്‍കുട്ടികള്‍ ആവണം.
സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 05.11.2007 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ
- കക്ഷി രാഷ്ട്രീയത്തിനതീതമായി വേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
- സ്കൂള്‍ പാര്‍ലമെന്റില്‍ പ്രൈമറി, ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കണം
- സ്കൂളിലെ എല്ലാ അധ്യാപകരും ചേര്‍ന്ന് സംയുക്തമായി നിശ്ചയിക്കുന്ന ഒരു അധ്യാപകന്‍ / അധ്യാപിക ആയിരിക്കണം പാര്‍ലമെന്റിന്റെ സ്റ്റാഫ് അഡ്വൈസര്‍. ഇദ്ദേഹം സ്കൂള്‍ പാര്‍ലമെന്റിന്റെ സഹരക്ഷാധികാരിയും തിരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസര്‍ കൂടിയായിരിക്കും
- പ്രിന്‍സിപ്പല്‍, ഹെഡ്‍മാസ്റ്റര്‍/വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ രക്ഷാധികാരികളും ഇവരെ സ്റ്റാഫ് സെക്രട്ടറി, സ്റ്റാഫ് അഡ്വൈസര്‍ എന്നിവര്‍ സ്കൂള്‍ പാര്‍ലമെന്റിലെ എക്സ് ഒഫീഷ്യോ അംഗങ്ങളുമായിരിക്കും.
- രക്ഷാധികാരികളുടെ അംഗീകാരത്തോടെ റിട്ടേണിങ്ങ് ഓഫീസര്‍ ഓരോ ക്ലാസിലെയും തിരഞ്ഞെടുപ്പുകള്‍ക്ക് അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിക്കണം. ഇവരായിരിക്കും ക്ലാസ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍
- സ്കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളുടെ അധ്യയനത്തെയും ബാധിക്കുന്നതും തടസപ്പെടുത്തുന്നതുമായ രീതിയില്‍ കാമ്പസിനുള്ളിലോ പുറത്തോ ഏതെങ്കിലും തരത്തില്‍ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും വിദ്യാര്‍ഥിക്കോ വിദ്യാര്‍ഥി സംഘടനകള്‍ക്കോ അനുവാദം ലഭിക്കുന്നില്ല എന്ന് അധ്യാപകരും പ്രധാനാധ്യാപകനും ഉറപ്പ് വരുത്തണം
- സ്കൂളില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളോ അധ്യയനം തടസപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോ ഉണ്ടായാല്‍ പ്രധാനാധ്യാപകന്‍ യഥാസമയം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം
- പ്രധാനാധ്യാപകന്റെ അറിയിപ്പ് ലഭിച്ചാല്‍ പോലീസ് ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ കേസ് ചാര്‍ജ് ചെയ്യുകയും വേണം
- നോമിനേഷന്‍ ഫോം
- മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക (നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുന്നതിന്)
- റിസല്‍ട്ട് ഷീറ്റ് (ക്ലാസ് തല തിരഞ്ഞെടുപ്പ്)
- തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാരുടെ പട്ടിക
- സ്കൂള് പാര്‍ലമെന്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്
- സത്യപ്രതിജ്ഞ