സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി
അംഗീകാരം നൽകുന്നതിനും അവ രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന
വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു.
പ്രീ-പ്രൈമറി മുതൽ ഹയർസെക്കന്ററിവരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ
പദ്ധതികൾ ഉൾപ്പെടുത്താം. വിദ്യാഭ്യാസ ഗുണമേൻമ വർധിപ്പിക്കൽ, അക്കാദമിക
മികവ്, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകൾക്ക് പ്രോത്സാഹനം
നൽകുന്നതോടൊപ്പം വിശദമായ ഡോക്യൂമെന്റേഷനിലൂടെ വ്യാപനത്തിനുള്ള
പ്രവർത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,
ജനപ്രതിനിധികൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ ഇതിൽ
ഉൾപ്പെടുത്താം. പദ്ധതികളും വിശദാംശങ്ങൾ ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ
രേഖകൾ ഉൾപ്പെടെ) നോമിനേഷനുകൾ ആഗസ്റ്റ് 15നു മുമ്പ് ഡയറക്ടർ,
എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ
സമർപ്പിക്കണം. സ്‌കൂൾ അധികാരികൾക്കും ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ
പ്രവർത്തകർക്കും അധ്യാപക പരിശീലന സ്ഥാപനങ്ങൾക്കും നോമിനേഷൻ സമർപ്പിക്കാം.
നോമിനേഷൻ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം. ഫോൺ: 0471-2341883. വെബ്‌സൈറ്റ്:www.scert.kerala.gov.in.