സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി
ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെത്തുടർന്ന് ഇത്തരം സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ വിശദമായ ശുപാർശകൾ സർക്കാരിന് സമർപ്പിച്ചതായി സംസ്ഥാന
ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
- രക്ഷകർത്താവ് വരുന്നതുവരെ കാത്തിരുന്ന ടീച്ചർമാരുടെ നടപടി ശരിയായില്ലെങ്കിലും ടീച്ചർമാരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയിൽ വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ എടുക്കേണ്ടതില്ല.
- പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നിട്ടും അഭിഭാഷകനായ അച്ഛൻ ആവർത്തിച്ച് ആൻറിവെനം നൽകാൻ പറഞ്ഞിട്ടും ഡോക്ടർ നൽകാതിരുന്നതിന് ന്യായീകരണമില്ല. ഇക്കാര്യത്തിൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ വിശദ അന്വേഷണം നടത്തി ഡോക്ടർക്കെതിരെ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കണം.
- ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും, കുടുംബത്തിന് അടിയന്തരസഹായമായി പത്തുലക്ഷം രൂപ അനുവദിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
- ക്ലാസ്‌റൂമിലെ കുഴി അടയ്ക്കാത്തത് പരിശോധിക്കാതെ ഫിറ്റ്‌നസ് നൽകിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ വകുപ്പുതല നടപടിയെടുക്കണമെന്നും കമ്മീഷൻ വിലയിരുത്തുന്നു.
- ആൻറിവെനം ലഭ്യമായിട്ടും കുട്ടിക്ക് ചികിത്‌സ നിഷേധിക്കുകയും മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി നടപടി സ്വീകരിക്കണം.
- കുട്ടി മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സംസ്ഥാന പോലീസ് മേധാവി സ്വീകരിക്കണം.
- കേസിനാസ്പദ സംഭവത്തിൽ വിവിധതല ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വകുപ്പുതല സംവിധാനങ്ങളിലെയും ഉദ്യോഗസ്ഥർ കൃത്യതയോടെയും സമയനിഷ്ഠയോടെയും ജോലി ചെയ്യുന്നെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകണം.
- സ്‌കൂൾ അന്തരീക്ഷത്തിൽ കുട്ടികൾക്ക് അപകടമോ രോഗാവസ്ഥയോ ഉണ്ടായാൽ രക്ഷിതാവ് വരുന്നതുവരെ കാത്തുനിൽക്കാതെ കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ പ്രധാനാധ്യാപകൻ നടപടി സ്വീകരിക്കണം. ഇതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകണം.
- എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്ക് ക്ലാസ്മുറിയിൽ ചെരുപ്പ് ഉപയോഗിക്കാൻ തടസ്സമില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണം.