കുട്ടികള്‍ക്കെതിരെ
വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി
കുട്ടികള്‍ക്കായൊരു പീഡനരഹിതലോകം എന്ന പേരില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ
കമ്മീഷന്‍ നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ശിശുദിനത്തില്‍ തുടക്കമാകും.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് പഴയ നിയമസഭാഹാളില്‍
സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കും. ബാലാവകാശ സംരക്ഷണ
കമ്മീഷന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സാമൂഹ്യ നീതിവകുപ്പ് മന്ത്രി
ഡോ.എം.കെ.മുനീര്‍ നിര്‍വ്വഹിക്കും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക
കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും
ഇതോടൊപ്പം നിലവില്‍ വരും.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ കുട്ടികള്‍ക്കായി പ്രതിജ്ഞ
ചൊല്ലിക്കൊടുക്കും. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഹയര്‍
സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ
സ്‌കൂളുകളിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട
പ്രതിജ്ഞ എടുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്. ഈ വിഷയം പ്രമേയമാക്കി എല്ലാ വിദ്യാലയങ്ങളിലും ജനമൈത്രി,
ജുവനൈല്‍ പോലീസ് യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ
ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍,
അഭിഭാഷകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, പി.റ്റി.എ/എസ്.എം.സി. ഭാരവാഹികള്‍
തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്ക്കരണ ക്ലാസുകള്‍
സംഘടിപ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ
കൗണ്‍സിലിങ്, പരാതിപ്പെട്ടികള്‍ എന്നീ സംവിധാനങ്ങള്‍
കാര്യക്ഷമമാക്കണമെന്നും കുട്ടികള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍
പരാതിപ്പെട്ടികളിലും ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രചാരണ ഭാഗമായി നടന്ന ജില്ലാതല മത്സര വിജയികള്‍ക്ക് സംസ്ഥാനതല
മത്സരങ്ങള്‍ നവംബര്‍ 13 ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്
റിന്യൂവല്‍ സെന്ററില്‍ നടക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നവംബര്‍ 14 ന്
നല്‍കും.