മുന്‍
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 ദേശീയ
പുനരര്‍പ്പണദിനമായി ആചരിക്കും. ദിനാചരണത്തിന് ഇനിപ്പറയുന്ന
നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഒക്ടോബര്‍ 31 ന് രാവിലെ 10.15 മുതല്‍ 10.17 വരെയുള്ള രണ്ട് മിനിട്ട് നേരം
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൗനമാചരിക്കണം.
തുടര്‍ന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. സ്ഥാപന മേധാവി
ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലണം. പ്രതിജ്ഞയ്ക്കുശേഷം
ദേശീയഗാനമാലപിക്കണം.
സംസ്ഥാനതല പുനരര്‍പ്പണദിനാചരണം തിരുവനന്തപുരത്തും ജില്ലാതലങ്ങളിലെ
ദിനാചരണം ജില്ലാ ആസ്ഥാനങ്ങളിലും നടത്തും. ജില്ലകളില്‍ പരിപാടിയുടെ
സംഘാടനച്ചുമതല ജില്ലാകളക്ടര്‍മാര്‍ക്കായിരിക്കും. സംസ്ഥാനതല പരിപാടി
തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെയും കായികയുവജനക്ഷേമ വകുപ്പ്
ഡയറക്ടറുടെയും നേതൃത്വത്തില്‍ നടക്കും. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ
ദിനാചരണം ദര്‍ബാര്‍ ഹാളില്‍ നടക്കും. എല്ലാ പ്രധാനകേന്ദ്രങ്ങളിലും രാവില
10.15 നും 10.17 നും മൗനാചരണത്തിനായി പോലീസ് വെടി മുഴക്കുകയോ സൈറണ്‍
മുഴക്കുകയോ ചെയ്യും. മൗനാചരണ സമയത്ത് ഗതാഗതം നിറുത്തി വയ്ക്കണമെന്നും
നിര്‍ദ്ദേശമുണ്ട്. പ്രതിജ്ഞ ചുവടെ.
പ്രതിജ്ഞ
'രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന്
ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം
തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ
മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ
പരിഹരിക്കുന്നമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു'