LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ശ്രേഷ്ഠഭാഷാവാരാചരണത്തോടനുബന്ധിച്ച് പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കവിതാരചനാ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ കവിതകള്‍. വിജയികള്‍ക്ക് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍

ഹൃദയത്തിന്റെ മഷിക്കുപ്പി
(ഒന്നാം സമ്മാനം നേടിയ കവിത)

ഹൃദയത്തിന്റെ മഷിക്കുപ്പി തുറന്നപ്പോള്‍,
അതിന് നേര്‍ത്ത ചെമ്പനീര്‍പ്പൂവിന്റെ മണമായിരുന്നു
ആ മഷികൊണ്ട് ഓര്‍മ്മകളിലെ
കുത്തിവരകള്‍ക്കിടയില്‍ മൂടിവെച്ച ഓട്ടോഗ്രാഫില്‍
ഞാനിട്ട കൈയ്യൊപ്പ് …......
അതായിരുന്നു എനിക്ക് മലയാളം !
എന്റെ നീലതടാകത്തിലേക്ക്
ഒഴുകിയെത്തിയ അഴകിന്റെ മൂടല്‍മഞ്ഞ്
എന്റെ കണ്ണുനീരിന്റെ നനവിനെ ,
എന്റെ പുഞ്ചിരിയുടെ നാനാര്‍ത്ഥങ്ങളെ,
എന്തിന്? എന്റെ കരളിലെ നോവുകള്‍ക്കു
വരെ അവള്‍ അര്‍ഥം നല്‍കി.
എന്നെ ഞാനാക്കിയ എന്റെ,
എന്റേതുമാത്രമായ കളിക്കൂട്ടുകാരി
ഉന്നുവടികളില്ലാത്ത ഓര്‍മ്മകളുടെ,
ഓട്ടോഗ്രാഫ് ഒരിക്കല്‍ ഞാന്‍ മറിച്ചു നോക്കി,
ആദ്യത്തെ താള്‍ …....
മറവികളിലൂടെ ഓര്‍ക്കുന്ന മൂന്ന് വയസ്
ചായപെന്‍സില്‍ കൊണ്ടു തീര്‍ത്ത,
മഴവില്‍ മുറിയില്‍ നിന്നും തൊട്ടില്‍ അഴിച്ചു മാറ്റുന്ന അമ്മ
ഉറങ്ങാന്‍ നേരം തൊട്ടിലിനു വേണ്ടി,
വാശി പിടിച്ച ഞാനാകുന്ന മൂന്നു വയസു-
കാരിയുടെ ഭാഷക്കു വ്യാകരണമില്ലായിരുന്നു,
സ്ഫുടത പോരായിരുന്നു.


ഓര്‍മ്മയുടെ അടുത്ത താളില്‍ പൂട്ടിയിട്ട,
ബാല്യത്തിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത അക്ഷരങ്ങള്‍
ഇലത്തലപ്പില്‍ നിന്നും ഇറ്റിറ്റു വീഴുന്ന
മഴത്തുള്ളികളോടും ,
മാഞ്ഞുപോയ മഴവില്ലിനോടും ,
എനിക്ക് പ്രണയമായിരുന്നു.
അവര്‍ക്ക് വേണ്ടി എഴുതിത്തീര്‍ത്ത
പ്രണയലേഖനങ്ങള്‍ക്ക്,
ഭാവന നല്‍കിയ എന്റെ മലയാളം.

പിന്നീട് ചോര കണ്ട് ഭയന്ന കൗമാരവും
ഇരുട്ടിനെ പേടിച്ച കണ്ണുകളും
അരച്ചുതേച്ച മഞ്ഞളിന്റെ മണവും
നീല നീര്‍മാതളത്തിന്റെ തണ്ടുകള്‍
പൊട്ടിച്ചു നല്‍കിയ പുലരിയും
എനിക്ക് നല്‍കിയ സ്വപ്‌നങ്ങളുടെ
ഭാഷ മലയാളമായിരുന്നു.
നിശയുടെ ഏകാന്തയാമങ്ങളില്‍,
വിടരുന്ന ആത്മാവിന്റെ മന്ത്രങ്ങള്‍ക്കു പോലും,
മലയാളത്തിന്റെ ചൂടും ചൂരുമായിരുന്നു.
ബാല്യത്തിന്റെ കള്ളച്ചിരികളും,
കൗമാരത്തിന്റെ നെടുവീര്‍പ്പുകള്‍ക്കുമൊടുവില്‍,
അറിവു തേടിയിറങ്ങിയ യൗവ്വനം
അവിടെ എന്നെ എതിരേറ്റത്
ഹൃദയത്തിന്റെ താളങ്ങളായിരുന്നില്ല,
മറിച്ച് മറ്റേതോ ഒരു 'വെസ്റ്റേണ്‍ മ്യൂസിക്ക്''
അതിന്റെ സ്വരങ്ങള്‍ക്കും ശ്രൂതികള്‍ക്കു
മിടയില്‍ ഞാനവളെ തിരയുകയായിരുന്നു,
എന്റെ മലയാളത്തെ,
കാരണം , എന്റെ ഹൃദയത്തിന്
ഭാഷയില്ലാതായിരിക്കുന്നു


ആര്യ കണ്ണന്‍
+2 കമ്പ്യട്ടര്‍ സയന്‍സ്
ജി ബി എച്ച് എസ് എസ് , നെന്മാറ

അമ്മ മലയാളം
(രണ്ടാം സ്ഥാനം നേടിയ കവിത)
അമ്മ എന്ന വാക്കോതുവാന്‍ വെമ്പുന്ന
പൈതലിന്‍ സരളമാം ശ്രമവുമായ്
അമ്മിഞ്ഞപ്പാലിന്‍ രുചി നുണയാന്‍
ഏങ്ങുന്ന ദാഹവുമായ്
നില്‍ക്കയാണ് ഞാനെന്‍ മാതൃഭാഷയെന്നോതുവാന്‍

മലയാളമെന്ന നാലക്ഷരങ്ങള്‍ തന്‍
നിഴലുകള്‍ക്കെവിടെയോ പടരുന്ന
ആ അനന്തമാം ആശയം കൈ കൊണ്ടു ഞാന്‍
അമ്മ എന്ന രണ്ടക്ഷരം തുല്യമാം
ഉത്തരമതേതന്നറിഞ്ഞു ഞാന്‍

പൊക്കിള്‍ കൊടി വള്ളിയിലൂടെ നല്‍കി നീ
തേനും വയമ്പും പിന്നെ മധുരമാം മലയാളവും
കെട്ടറുത്തു നീ വരികില്‍, പൊട്ടിക്കരഞ്ഞു-
നിന്നമ്മ നിന്നെ വാരി പുണര്‍ന്നതില്‍
നേര്‍ത്ത ശ്വാസത്തിന്‍ അഭ്രപാളികള്‍ക്കുമപ്പുറം
അതിവിശാലമാകുന്നു ശ്രേഷ്ഠമാകുന്ന മലയാളം

നെഞ്ചിന്‍ ലഹരിയായ് നിലകൊണ്ട നീ
എന്നില്‍ വര്‍ഷിച്ച ഈണങ്ങള്‍, ഇമ്പങ്ങള്‍
മറക്കാനാമോ ഇന്നീ മണ്ണില്‍ ചേര്‍ന്നലിഞ്ഞെങ്കിലും?
നിന്നിലൂടെ ഞാന്‍ കേട്ട എന്‍ സ്വപ്‌ന സംഭാഷണ-
വുമതിലേറെയെന്‍ പ്രാണന്റെ നാദവും
നീയായിരുന്നു നീ മാത്രം എന്‍ മലയാളം

എന്നമ്മ തന്‍ വാല്‍സല്യത്തിലും, സ്നേഹത്തിലും
പ്രണയിനിയുടെ നീല നേത്രങ്ങളിലും
ഞാന്‍ നിന്നെ ദര്‍ശിച്ചു.

നിന്നില്‍ വിരിഞ്ഞ നീര്‍മാതളവും സീതായനവും
ഒരു മാമ്പഴത്തിന്‍ രുചി നല്‍കിയില്ലേ
കവിതകളായ് കഥകളായ് നീ വളര്‍ന്നു
നെയ്‌പായസത്തിന്‍ രുചിയോടെ
വേരുകള്‍ പോലെ നീ പടര്‍ന്നു

സ്വപ്നത്തിന്‍ സ്നേഹത്തിന്‍ ഭാഷയായ്
എന്റെ ആത്മാവില്‍ നീയലിഞ്ഞു
നിന്നോടുള്ള എന്റെ മലയാളിയുടെ
പ്രണയം നിലവിട്ട കാറ്റായ് പറന്നു

ഇന്നലെ കണ്ട ഒരു വിദേശിയില്‍
ഒടുവില്‍ നീ നിന്റെ മതവും
പ്രണയവും മലയാളവും പൊടിച്ചു
ജീവന്‍ തുടിക്കുന്ന ഒരു ദേഹത്തിന്നായ്
അലയുകയാണിന്ന് മലയാളം

ചോര പൊടിഞ്ഞ ദേഹമായ് , നൊമ്പരം കൊണ്ട
മനസ്സുമായ് വാവിട്ടു കരയുന്ന ഒരു
കുഞ്ഞിളം പൈതലേ , മലയാളമേ
ഞാനിതാ കുറിക്കുന്നു നിനക്കായ് ഒരു ചരമഗീതം


സുചിത്ര യു
ജി ബി എച്ച് എസ് എസ്
നെന്മാറ

ഹൃദയഭാഷയ്‌ക്ക്
(മൂന്നാം സ്ഥാനം നേടിയ കവിത)
കസവുടയാടയുടയുടെ മടിക്കുത്ത് നിറയെ പഞ്ചസാരമിഠായിയുമായി
എന്റെ വിരല്‍ത്തുമ്പിലൂറിയവള്‍
ആദ്യാക്ഷരം കുറിയ്‌ക്കാന്‍ എന്റെ വിരല്‍ പിടിച്ചവള്‍
എന്റെ ഭാഷ – മുലപ്പാലൂട്ടിയവള്‍
പൊന്നുപോലെ എന്റെ നാവില്‍ വീണപുണ്യം
അമ്മ, മലയാളം -എന്റെ വേരില്‍ വ്യാകരണമായൂറിയവള്‍
അമൃതജനനീ നീ അതുല്യയാണ് ….

നിനക്കു നല്‍കാന്‍ എന്റെ നെഞ്ചു നിറയെ ഒരായിരം
ഈയലുകളുടെ ഇരമ്പലുകളുണ്ട്
ആശയും പകരാന്‍ തുണയ്‌ക്കു നിന്റെ കൊഞ്ചലുകളുണ്ട്
എന്റെ തൂലികയില്‍ ഓരോ വട്ടം കുളിച്ചു തോര്‍ത്തി
പുതിയതായ് പിറന്ന നിന്റെ മിഴികളിലെ പുഞ്ചിരിയില്‍ നിന്നും
ഉറവ പൊട്ടിയൊഴുകിയ എന്റെ കവിത,
എന്നും നീ ….
ആദ്യാനുരാഗം പോലും നിന്നോടാണ്,
രാഗങ്ങളായ് , സ്വരാക്ഷരങ്ങളായ്, ചില്ലക്ഷരത്തില്‍
ചേര്‍ന്ന് തിളങ്ങിയ നിന്നോട് ഞാനെന്റെ പ്രണയം കവര്‍ന്നു
ആകാശക്കുന്നിന്‍ ചെരുവില്‍ ഉദിച്ചു പൊങ്ങിയ
സുവര്‍ണതേജസ്സായി ,
ഉറക്കുപാട്ടായ രാത്രി മഴയായി,
കുളിരു ചുമന്ന കറുത്ത വാനം പോലെ ,എന്റെ ഭാഷ
പുന്നെല്ലു കൊയ്ത വയലിന്റെ ദാഹം പോലെ ,
ആകാശത്തിന്റെ നീലിമയില്‍ പൊങ്ങിക്കിടന്ന ആലിലകള്‍,
മാതിരി - മാതൃഭാഷ
ഒടുവില്‍ ഒരു വിരഹ ബാഷ്പമായി ….
ഇരുമ്പു കാല്‍ച്ചുവട്ടില്‍ നരച്ചുകിടന്ന നീ
നിന്നെ കൈപിടിച്ചുയര്‍ത്താന്‍,
ഒരു തേന്‍ കൊഞ്ചലുമായ് നിന്റെ മടിയിലിരിക്കാന്‍
നീയൂട്ടുന്ന അമൃതോട് ചേര്‍ത്ത് എന്റെ ഹൃദയം
പടയ്ക്കുവാന്‍, കൊതിയോടെ ….. ഞാന്‍ …........
അമ്മ നിലാവേ,
ശ്രേഷ്‌ഠയായ് ഉയരുന്ന നിന്റെ കാല്‍ക്കീഴില്‍
മനസിന്റെ ഭാവനാഭാരം ഇറക്കിവെച്ച് തളരുമ്പോഴും,
നിന്റെ മിഴിനീരില്‍ ഉപ്പു വീണെന്‍ ആത്‌മഭാണ്ഡം
നനയുമ്പോഴും
ഭ്രഷ്‌ടയാക്കിനിന്നെ തൊരുവിലെറിയവേ ….
ഏതോ കിരാതന്റെ നഖമുന തറച്ച നിന്‍ ചോരമേല്‍
കാലൂന്നി നില്‍പ്പൂ ഞാന്‍
എങ്കിലുമമ്മേ, കണി വെള്ളരി പോലെ പിറന്നാളു
കൊണ്ടാടാന്‍ നീയുണരും വരെ,
സാഗരം നക്കുന്ന കേരളം തന്നില്‍ നിറയുന്ന
ഇരുളിന്റെ കറുപ്പു തുടയ്‌ക്കുവാന്‍ ….
ശ്രുതിമീട്ടിയൊരു ചെറു തമ്പുരു തന്നില്‍ നീ
വീണ്ടും പിറക്കാന്‍ തുടങ്ങും വരെ
എത്രയോ കവികള്‍ തന്‍ കല്‌പനയേന്തിയ മാതൃഭാഷേ …
ആശാന്റെ സീതയായ് , ഓര്‍മ്മയില്‍ വീണ പൂവായി,
ഭൂമിക്കു ചരമഗീതമായ്, മാമ്പഴച്ചുനവീണ മാതൃദു:ഖമായ്
തീരാത്ത നൊമ്പരമായ് , കളിയച്ഛനായ് പുതിയ പുലരിയില്‍
കൗമാരമാര്‍ന്ന് ആയിഷയായി പാല്‍ക്കുടമേന്തി നീയണയും
വരേയ്‌ക്കും … ഞാന്‍ ഈ മകള്‍ …...
കാത്തിരിക്കാം

ഋതുനന്ദ ബി
S1A ജി ബി എച്ച് എസ് എസ്
നെന്മാറ





Post a Comment

Previous Post Next Post