മലയാള
ഭാഷ ജ്ഞാനമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്
ഔദ്യോഗിക ഭാഷ വ്യാപനത്തിന് തടസമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍ പത്താംക്ലാസ് വരെ അല്ലെങ്കില്‍ പ്ലസ്ടു/ബിരുദതലത്തില്‍
മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍
പ്രവേശിച്ചാല്‍ അവരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം പരീക്ഷ
വിജയിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്
ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷാ) വകുപ്പ് പുറത്തിറക്കി.
പത്താംക്ലാസ് വരെയോ അല്ലെങ്കില്‍ പ്ലസ്ടു/ബിരുദതലത്തിലോ മലയാളം ഒരു
വിഷയമായി പഠിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍
പൂര്‍ത്തീകരിക്കുന്നതിന് മലയാളം മിഷന്റെ കീഴിലുള്ള ഭാഷാപഠനത്തിന്റെ ഭാഗമായ
സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷയുടെ നിലവാരത്തിന് തുല്യമായ പരീക്ഷ
വിജയിക്കണം. മലയാളം മിഷന്റെ കീഴിലുള്ള മലയാളം ഭാഷാ പഠനത്തിന്റെ ഭാഗമായ
സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷ ജയിച്ചവര്‍ക്കും ക്ലാസ് ഫോര്‍
ജീവനക്കാര്‍ക്കും ഈ നിബന്ധന ബാധകമല്ല. ഉത്തരവ് തീയതിക്കു മുമ്പ്
സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമല്ല. വ്യവസ്ഥ
പ്രകാരമുള്ള പരീക്ഷ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തും. പാഠ്യപദ്ധതി
പരീക്ഷ സമ്പ്രദായം എന്നിവയും കമ്മീഷന്‍ തീരുമാനിക്കും. വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ്
ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും.