DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

A SHORT NOTE ON INCOME TAX




            മാര്‍ച്ച്‌ മാസാരംഭത്തില്‍ ലഭിക്കുന്ന ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും നാം അടയ്ക്കേണ്ട ആദായനികുതി പൂര്‍ണ്ണമായും അടച്ചു തീര്‍ക്കേണ്ടതിനാല്‍ ഫെബ്രുവരി മാസം നമുക്ക് ഒരു ടാക്സ് മാസമായി മാറുന്നു. ആദായനികുതി കൃത്യമായി കണക്കാക്കി അത് ഒട്ടും കുറയാതെ ശമ്പളത്തില്‍ കുറയ്ക്കുന്നത് പിന്നീടുള്ള പ്രയാസങ്ങള്‍ കുറയ്ക്കും. നമുക്ക് അര്‍ഹമായ എല്ലാ ഇളവുകളും കിഴിവുകളും നേടുന്നതോടൊപ്പം അര്‍ഹമല്ലാത്ത ഒരിളവും നേടിയിട്ടില്ലെന്നും നമ്മള്‍ ഉറപ്പു വരുത്തണം. ടാക്സ് കണക്കാക്കുന്നതിനും Statement തയ്യാറാക്കുന്നതിനും UBUNDUവിലും EXCEL ലും തയ്യാറാക്കിയ വിവിധ സോഫ്റ്റ്‌വെയറുകള്‍ കയ്യെത്തും ദൂരത്തു ഇഷ്ടം പോലെ ഉണ്ടെങ്കിലും നികുതി കണക്കാക്കുന്ന വഴി നാം കൃത്യമായി അറിഞ്ഞിരിക്കണം. അതിന് കുറെയൊക്കെ ഇനിയുള്ള വരികള്‍ സഹായകരമായേക്കും.
2014 ഏപ്രില്‍ ഒന്ന് മുതല്‍ 2015 മാര്‍ച്ച്‌ 31 വരെ ലഭിക്കുന്ന വരുമാനത്തിനുള്ള ആദായ നികുതിയാണ് നാം കണക്കാക്കുന്നത്. 2014 മാര്‍ച്ച്‌ മുതല്‍ 2015 ഫെബ്രുവരി മാസം വരെയുള്ള ശമ്പളമാണ് നമുക്ക് ഇക്കാലത്ത് ലഭിക്കുന്നത്. അത് കൊണ്ട് മാര്‍ച്ച്‌ മുതല്‍ ഫെബ്രുവരി മാസം വരെയുള്ള ശമ്പളമാണ് കണക്കിലെടുക്കുന്നത്.
GROSS SALARY INCOME
ആകെ ശമ്പളവരുമാനത്തില്‍ 2014 മാര്‍ച്ച്‌ മാസം മുതല്‍ 2015 ഫെബ്രുവരി മാസം വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2014 ഏപ്രില്‍ ഒന്നിനും 2015 മാര്‍ച്ച്‌ 31 നും ഇടയില്‍ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
15000 രൂപ വരെയുള്ള Medical Reimbursement, Travelling Allowance, Daily Allowance, Uniform Allowance , Hill Track Allowance, Conveyance Allowance, Leave Travel Concession എന്നിവ Gross Salary Income ത്തില്‍ ഉള്‍പ്പെടില്ല. Gross Salary Income കണക്കാക്കുമ്പോള്‍ ഇവ ഒഴിവാക്കാന്‍ Circular No 17/ 2014 by CBDT (Clause 9-1)പറയുന്നുണ്ട്.
NET SALARY INCOME അല്ലെങ്കില്‍ Income Chargeable under the head Salaries)
Gross Salary Income ത്തില്‍ നിന്നും താഴെ കൊടുത്ത ഇനങ്ങള്‍ കുറച്ചാല്‍ Net Salary Income ലഭിക്കുന്നു.
1.HRA (Section 10(13A)
വാടകവീട്ടില്‍ താമസിക്കുകയും ശമ്പളത്തിന്റെ (Pay +DA ) പത്തു ശതമാനത്തില്‍ കൂടുതല്‍ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് HRA ഇനത്തില്‍ കുറവ് ലഭിക്കാന്‍ അര്‍ഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളില്‍ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വര്‍ഷം ലഭിച്ച HRA ,
2-ശമ്പളത്തിന്‍റെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിന്‍റെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വര്‍ഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വര്‍ഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000 ആണല്ലോ. അയാള്‍ ആ വര്‍ഷം 34000 വീട്ടുവാടക കൊടുത്തെങ്കില്‍ ഇളവ് ഇല്ല. 37000 കൊടുത്തെങ്കില്‍ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കില്‍ 3000 രൂപ ഇളവ് )
2- Professional Tax (Section 16(iii)), Entertainment Allowance (Section 16(ii))
ആ വര്‍ഷം കൊടുത്ത തൊഴില്‍ നികുതി കുറയ്ക്കാം. കൂടാതെ ആ വര്‍ഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും കുറയ്ക്കാം. ഇത്രയും കുറച്ചാല്‍ കിട്ടുന്നതാണ് Income Chargeable under the head salaries (Net Salary Income)
GROSS TOTAL INCOME
ഇപ്പോഴത്തെ തുകയില്‍ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അവ കൂട്ടുകയും ചെയ്‌താല്‍ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയര്‍ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകള്‍ക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നല്‍കേണ്ട സ്ഥാപനത്തില്‍ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാര്‍ക്ക് മാത്രമേ ഈ കുറവിന് അര്‍ഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കില്‍ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാന്‍ ലോണ്‍ എടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കണം. ഇത് കാണിക്കാന്‍ ഒരു "Self Declaration" നല്‍കിയാല്‍ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കില്‍ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയര്‍, പുനര്‍നിര്‍മ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
(ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം എന്ന head ല്‍ നഷ്ടമായാണ് ഇത് കാണിക്കുന്നത്. അത് കൊണ്ടാണ് Form 16 ന്റെ Part B യില്‍ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേര്‍ത്ത് കാണിക്കുന്നത്)
TAXABLE INCOME അല്ലെങ്കില്‍ TOTAL INCOME
Gross Total Income ത്തില്‍ നിന്നും Chapter VI-A യില്‍ പറയുന്ന അര്‍ഹമായ കിഴിവുകള്‍ കുറച്ചാല്‍ Taxable Income ലഭിക്കുന്നു. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും TOTAL INCOME എന്നാണ് Taxable Income ത്തിനു പേര് കാണുക. Total Income എന്നാല്‍ നമുക്ക് ആകെ ലഭിച്ച വരുമാനമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. Total Income എന്നാല്‍ എല്ലാ കിഴിവുകള്‍ക്കും ശേഷമുള്ള ഇന്‍കം ആണ്.
Chapter VI -A യിലെ കിഴിവുകള്‍
80 C
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകള്‍ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തില്‍ നിന്നും കുറയ്കാം. ആ വര്‍ഷം അടച്ച അല്ലെങ്കില്‍ കൊടുത്ത തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ല്‍ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC യില്‍ ജീവക്കാരന്റെയോ ഭാര്യ/ഭര്‍ത്താവിന്റെയോ മക്കളുടെയോ പേരില്‍ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കില്‍ പ്രീമിയം പോളിസിയുടെ 20 %ത്തില്‍ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കില്‍ പ്രീമിയം പോളിസിയുടെ 10 % ത്തില്‍ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കില്‍ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ.
4. വീട് നിര്‍മ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവില്‍ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അര്‍ഹമാണ്. എന്നാല്‍ റിപ്പയറിങ്ങിനോ പുനര്‍നിര്‍മ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികള്‍ക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയില്‍ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാല്‍ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അര്‍ഹമല്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അര്‍ഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെയോ പെന്‍ഷന്‍ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD
സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികളില്‍ ജീവനക്കാരന്റെ വിഹിതം അടച്ച തുക 80 CCD പ്രകാരം കിഴിവ് ലഭിക്കും. National Pension Scheme ഉള്‍പ്പെട്ടവര്‍ അടച്ച തുക ഈ Section പ്രകാരമാണ് കാണിക്കേണ്ടത്. ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തില്‍ കൂടാന്‍ പാടില്ല. Section 80 CCD പ്രകാരമുള്ള കിഴിവ് പരമാവധി 1 ലക്ഷം മാത്രമാണ്.
Section 80C, 80CCC , 80CCD എന്നിവയിലെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇനി പറയുന്ന എല്ലാ കിഴിവുകളും 1,50,000 ത്തിന് പുറത്തുള്ളവയാണ്.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അര്‍ഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടര്‍ച്ചയായ 3 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു വര്‍ഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വര്‍ഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തില്‍ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരന്‍റെയോ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യയുടെയോ മക്കളുടെയോ പേരില്‍ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ അടച്ച Health Insurance പ്രീമിയം, പരമാവധി 15,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതില്‍ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂര്‍ത്തിയായെങ്കില്‍ പരമാവധി തുക 20,000 ആണ്. ഇത് കൂടാതെ ജീവനക്കാരനോ ഭാര്യയ്ക്കോ മക്കള്‍ക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും. ഇവര്‍ക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കില്‍ 20,000 കവിയാന്‍ പാടില്ല.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരില്‍ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 15,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാള്‍ സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ കിഴിവ് പരമാവധി 20,000 വരെ ആവാം.
മാതാപിതാക്കള്‍ക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അര്‍ഹമാണ്. ഇവര്‍ക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കില്‍ 20,000 കവിയാന്‍ പാടില്ല.
Health Insurance പ്രീമിയം നേരിട്ട് പണമായി നല്‍കാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നല്‍കിയതാവണം . Health Check up ന് പണം നേരിട്ട് നല്‍കിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭര്‍ത്താവ് , മക്കള്‍, മാതാപിതാക്കള്‍ , സഹോദരങ്ങള്‍ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇന്‍ഷുറന്‍സ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളില്‍ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 50,000 രൂപയാണ് കിഴിവ് ലഭിക്കുക. 80 % ത്തില്‍ കൂടുതല്‍ വൈകല്യം ഉണ്ടെങ്കില്‍ ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യില്‍ ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വര്‍ഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സര്‍ട്ടിഫൈ ചെയ്തെങ്കില്‍ അയാള്‍ക്ക്‌ 50,000 രൂപ കിഴിവ് ലഭിക്കും. 50000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കില്‍ (Above 80 % disability) ഒരു ലക്ഷം രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കില്‍ പുതിയ സാമ്പത്തിക വര്‍ഷം വീണ്ടും പുതിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരന്‍, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകള്‍ക്കാണ് അര്‍ഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാല്‍ രോഗി Senior Citizen ആണെങ്കില്‍ 60,000 രൂപ വരെ കിഴിവ് ലഭിക്കും. ഓരോ രോഗങ്ങള്‍ക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറില്‍ നിന്നും Form 10- I യില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Reimburse ചെയ്തെങ്കില്‍ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest for loan for higher education )
ഭര്‍ത്താവ് / ഭാര്യയുടെയോ മക്കളുടെയോ താന്‍ ലീഗല്‍ ഗാര്‍ഡിയന്‍ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്നോ ചാരിറ്റബിള്‍ സ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വര്‍ഷം മുതല്‍ ഏഴ് വര്‍ഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നല്‍കിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമര്‍പ്പിക്കുന്ന അവസരത്തില്‍ അതില്‍ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GG
2013-14 സാമ്പത്തിക വര്‍ഷത്തില്‍ Financial Institution നില്‍ നിന്നും എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ അടച്ചത് 1,00,000 രൂപ വരെ ഈ സെക്ഷന്‍ പ്രകാരം ഇളവു ലഭിക്കും. ലോണ്‍ എടുക്കുമ്പോള്‍ ജീവനക്കാരന് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്റെ വില 40 ലക്ഷത്തിലും ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്. CLICK HERE FOR MORE DETAILS
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമര്‍പ്പിക്കുന്ന അവസരത്തില്‍ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നല്‍കിയതാവാം. സംഭാവന പൂര്‍ണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account കളില്‍ നിന്നും ലഭിച്ച പലിശ നിങ്ങള്‍ Gross Total Income ത്തില്‍ കൂട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കിഴിവിന് അര്‍ഹതയുള്ളൂ. പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Chapter VI -A യിലെ പ്രധാന കിഴിവുകള്‍ ഇത്രയുമാണ്. Gross Total Income ത്തില്‍ നിന്നും നമുക്ക് അര്‍ഹതയുള്ള കിഴിവുകള്‍ കുറച്ചാല്‍ Total Income അല്ലെങ്കില്‍ Taxable income കിട്ടുന്നു.
Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാന്‍ Section 288A യില്‍ പറയുന്നുണ്ട്. എങ്കിലും Circular No -17/ 2014 CBDT Dated 10-12-14 ല്‍ TDS Quarterly Return (Q4) ഫയല്‍ ചെയ്യുമ്പോള്‍ അതില്‍ Annexure II ല്‍ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അത് കൊണ്ട് റൗണ്ട് ചെയ്യാതെ കാണിക്കുന്നത് പിന്നീടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാവുമെന്നാണ് എന്റെ അഭിപ്രായം.
Taxable Income (Total Income)ത്തിന് ഈ വര്‍ഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വര്‍ഷത്തെ Income Tax Rate പരിശോധിക്കാം.
INCOME TAX RATE for 2014-15
60 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള Normal Rate ആവും നമുക്കാവശ്യം.
1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളില്‍ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതില്‍ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തില്‍ 2,70,000 ത്തിന് മുകളില്‍ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളില്‍ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളില്‍ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളില്‍ Total Income ഉണ്ടെങ്കില്‍ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളില്‍ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളില്‍ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതല്‍ 5,00,000 വരെ : 3 ലക്ഷത്തിനു മുകളില്‍ വരുന്നത്തിന്റെ 10 %. ഇതില്‍ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതല്‍ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളില്‍ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളില്‍ Total Income ഉണ്ടെങ്കില്‍ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളില്‍ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളില്‍ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവര്‍ക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതല്‍ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളില്‍ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളില്‍ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവര്‍ക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവര്‍ഷം അടയ്ക്കേണ്ട ടാക്സ്.
Rounding of Income Tax
Income Tax Act ന്റെ Section 288B യില്‍ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ Circular No 17 / 2014 Dated 10-12-2014 CBDT ല്‍ പറയുന്നത് മറ്റൊന്നാണ്. "Employer is advised to quote Total Taxable Income in Annexure II without rounding-off and TDS should be deducted and reported accordingly , ie, without rounding-off TDS also"
TDS Return ഫയല്‍ ചെയ്യുന്ന അവസരത്തില്‍ RPU വിലെ Annexure II ല്‍ നമുക്ക് റൌണ്ട് ചെയ്ത Total Income ചേര്‍ത്താന്‍ കഴിയില്ല. Gross Total Income ത്തില്‍ നിന്നും deduction കള്‍ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്. അത് കൊണ്ട് ടാക്സ് റൌണ്ട് ചെയ്യാതെ ചേര്‍ക്കുന്നതാണ് സുരക്ഷിതം.
Relief u/s 89(1)
മുന്‍വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയില്‍ ഏതെങ്കിലും അരിയറായി ഈ വര്‍ഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വര്‍ദ്ധനവില്‍ നിന്ന് രക്ഷ നേടാന്‍ Section 89 (1) നമ്മെ സഹായിക്കും. മുന്‍വര്‍ഷങ്ങളിലേക്കുള്ള ശമ്പളം അതാത് വര്‍ഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വര്‍ഷത്തെ വരുമാനത്തില്‍ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യില്‍ ചെയ്ത് നമുക്ക് Tax Relief നേടാം. Form 10E വഴി Relief ന് അര്‍ഹതയുണ്ടെങ്കില്‍ അത് അടയ്ക്കേണ്ടതായ ടാക്സില്‍ നിന്നും കുറയ്ക്കാം.
ഇനി മുന്‍മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും TDS അയി ആകെ കുറച്ച ടാക്സ് അടയ്കേണ്ട ടാക്സില്‍ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കെണ്ടത്.
Income Tax കണക്കാക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് വിവിധ സൈറ്റുകളില്‍ ലഭ്യമാണ് അവയില്‍ ചിലത് ചുവടെ ചേര്‍ത്തിരിക്കുന്നു

Post a Comment

Previous Post Next Post