കോവിഡ്19 രോഗവ്യാപനം തടയുന്നതിനായി കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 31 ന് ശേഷം എന്തുവേണമെന്ന് ആ ഘട്ടത്തിൽ തീരുമാനിക്കും. അവശ്യവസ്തുക്കൾ, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാന അതിർത്തികൾ അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ ബസുകളും ഓടില്ല. ഓട്ടോ, ടാക്‌സികൾ എന്നിവ നിയന്ത്രങ്ങൾക്ക് വിധേയമായി സർവീസ് നടത്തും. സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാകും പ്രവർത്തിക്കുക. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. മറ്റു കടകൾ അടച്ചിടണം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കുന്നരീതിയിൽ ക്രമീകരിക്കും. എൽ.പി.ജി വിതരണത്തിനും പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തിനും തടസ്സമുണ്ടാകില്ല. കേരളത്തിലെ എല്ലാ ആശുപത്രികളും പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ ആവശ്യമായ ക്രമീകരണങ്ങളോടെ പ്രവർത്തിക്കും. ഈ ഘട്ടത്തിൽ അത്യാവശ്യമുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസിൽ എത്തും. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും ക്രമീകരിക്കും. ആരാധനാലയങ്ങളിൽ ആളുകൂടുന്ന ചടങ്ങുകളെല്ലാം നിർത്തും. റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. ആളുകൾ വലിയ തോതിൽ പുറത്തിറങ്ങാതിരിക്കുകയാണ് ഉത്തമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം, വൈദ്യുതി, ടെലിഫോൺ, അവശ്യ ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും.
കാസർകോട് ജില്ലയിൽ കൂടുതൽ കർക്കശമായ നടപടി സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയുമുണ്ടാവും. ഭരണസംവിധാനത്തിന്റെ ഭാഗത്ത് നിന്ന് കർക്കശ നിരീക്ഷണവും ഇടപെടലും നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് പതിനാലു ദിവസത്തെ നിരീക്ഷണം നിർബന്ധമാണ്. കോവിഡ് വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ശക്തമായ നടപടികൾക്കൊപ്പമാണ് സംസ്ഥാനം. ഇതിനാവശ്യമായ നടപടി ജില്ലാ കളക്ടർമാർ സ്വീകരിക്കും.
അതിഥി തൊഴിലാളികൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധനയ്ക്കും ഭക്ഷണത്തിനും നടപടി സ്വീകരിക്കും. തൊഴിലില്ലാത്ത അവസ്ഥയിൽ അവർ പ്രയാസപ്പെടാൻ പാടില്ല. അതിഥിത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴിലുടമകളും സർക്കാർ പ്രവർത്തനവുമായി അവരെ എങ്ങനെ സഹകരിപ്പിക്കാമെന്നത് ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർ യാത്രചെയ്യുന്നത് കർക്കശമായി തടയും. ടെലികോം സേവനദാതാക്കളിൽനിന്ന് ഇവരുടെ ടവർ ലൊക്കേഷൻ മനസിലാക്കും. ഇവരുടെ അയൽപക്കക്കാർക്കും വിവരം നൽകാവുന്നവിധത്തിൽ ക്രമീകരണം ഒരുക്കും.
കൊറോണ രോഗികളെ ചികിത്സിക്കാൻ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. ഇവരുടെ സേവനം തുടർന്നും ഉറപ്പാക്കാൻ ആശുപത്രിക്കടുത്ത് താമസ, ഭക്ഷണസൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കും. രോഗം പടരാനിടയായ സാഹചര്യം പരിഗണിച്ച് നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കുക പ്രധാനമാണ്. ഇക്കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നത് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമെങ്കിൽ ഭക്ഷണം വീടുകളിൽ എത്തിക്കും. മൈക്രോ ഫിനാൻസ് നടത്തുന്ന ചില സ്വകാര്യ കമ്പനികൾ ഇടപാടുകാരിൽനിന്ന് പണം ഈടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇവരുടെ കളക്ഷൻ ഏജൻറുമാർ വീടുകളിൽ പോയി ഇരിക്കുന്ന സ്ഥിതിയാണ്. ഇത്തരത്തിലെ എല്ലാ കളക്ഷനും രണ്ടുമാസത്തേക്ക് നിർത്തിവെക്കണം.
ഉംറ കഴിഞ്ഞ് വന്നവരും, വിദേശത്ത് നിന്നെത്തിയവരും വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ സ്വയം സന്നദ്ധരാകണം. ഇവരെ അറിയുന്ന ആൾക്കാർക്കും വിവരം അറിയിക്കാം. പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ മുൻകൈ ഏടുക്കാനാവും. രോഗപ്പകർച്ചാ സാധ്യത സംശയിക്കുന്നവരെ താത്കാലിക ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. കൂടുതൽ രോഗസാധ്യതയുള്ളവരെ കൂടുതൽ സൗകര്യങ്ങളുള്ള ഐസൊലേഷൻ കേന്ദ്രങ്ങളിലാക്കും. നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ സാമൂഹ്യ ജാഗ്രതയാണ് പ്രധാനം. ഇവരുടെ ലിസ്റ്റും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും അയൽക്കാർക്ക് നൽകും. നിരീക്ഷണത്തിലുള്ളവർ ഇറങ്ങിനടക്കാൻ അനുവദിക്കില്ല. ലംഘിച്ചാൽ ശക്തമായ നടപടിയും അറസ്റ്റുമുണ്ടാകും.
മാധ്യമപ്രവർത്തകർക്ക് വാർത്താശേഖരണത്തിന് ആവശ്യമായ സൗകര്യമൊരുക്കും. ഓരോരുത്തരും മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യങ്ങൾ മാധ്യമമേധാവികളുമായി ചർച്ചചെയ്യും. കോവിഡ്19 മഹാമാരിയെ തടത്തുനിർത്താൻ ഒന്നിച്ചുമുന്നേറാൻ മുഴുവൻ ജനങ്ങളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു. എല്ലാസംവിധാനങ്ങളും സന്നദ്ധതയും സഹജീവിസ്നേഹവും ഒരു ചരടിൽകോർത്തപോലെ മുന്നേറേണ്ട ഘട്ടമാണിത്. ഇതിനായി സർക്കാർ ഒപ്പമല്ല, മുന്നിൽത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1183/2020